തിരുവനന്തപുരം :- മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ED ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇഡി ഗൗരവമേറിയ തെളിവുകൾ കൈമാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാസപ്പടി കേസ് മാത്രം അല്ല ഇഡി അയച്ചത്. ഗൗരവമേറിയ വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നാണ് ഗോവിന്ദന്റെ വിമർശനം. പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. പിണറായിക്കെതിരെ ഇഡി നടത്തുന്ന രാഷ്ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. അകത്താക്കാനാണ് തീരുമാനമെങ്കിൽ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഴിമതി കേസിൽ പിണറായിക്കെതിരെ അന്വേഷണത്തിന് ഇഡിക്ക് എഫ്ഐആർ ആവശ്യമാണ്. അത് കൊണ്ടാണ് സംസ്ഥാന ഏജൻസിയെ കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യിക്കാനുള്ള ശ്രമം. സാങ്കേതികമായി അന്വേഷണം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് വിശദീകരിക്കാമെങ്കിലും ഇഡി നീക്കം ഉണ്ടാക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതമാണ്. രാജ്യത്തെ തന്നെ പ്രമുഖ സിപിഎം നേതാവിനെതിരെ കേസ് മുറുക്കാൻ കോൺഗ്രസ് സർക്കാരിന്റെ സഹായം. ദേശീയ അന്വേഷണ ഏജൻസികൾ വഴി രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നുവെന്ന് ഇന്ത്യാ സംഖ്യ പ്രചാരണത്തിൻ്റെ മുനയൊടിക്കാൻ ബിജെപിക്ക് കിട്ടുന്ന മികച്ച അവസരം.
രാഹുൽ ഗാന്ധിക്ക് പോലും ഇഡിക്കെതിരെ മിണ്ടാൻ പറ്റാത്ത സാഹചര്യമാകും. മാത്രമല്ല കോൺഗ്രസ് ബിജെപി ഡീൽ ഉയർത്തി പിണറായിക്ക് പ്രതിരോധവും കോൺഗ്രസ്സിനെതിരെ കടന്നാക്രമണവും നടത്തും സിപിഎം. കേസെടുത്താൽ മാത്രമല്ല എടുത്തില്ലെങ്കിലും സതീശൻ സർക്കാറിന് പ്രതിസന്ധി. നിയമസഭാ തെരഞ്ഞെടുപ്പിലടക്കം മാസപ്പടി കേസ് പിണറായിക്കെതിരെ ശക്തമായി ഉയർത്തിയതാണ് കോൺഗ്രസ്. കേസെടുക്കാനുള്ള സുവർണ്ണാവസരം വന്നിട്ടും കൈവിട്ടാൽ അണികളോട് എന്ത് പറയുമെന്നത് പ്രശ്‌നം. സിപിഎം കോൺഗ്രസ് ഡീൽ ആക്ഷേപം ബിജെപി കടുപ്പിക്കും.
